ബോംബ് ഭീഷണി ഉയർന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. 135 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മുഴുവൻ പേരെയും വിമാനത്താവളത്തിലേക്ക് മാറ്റി. ആളുകളെ മാറ്റിയ ശേഷം വിമാനത്തിനകവും ലഗേജുകളും പരിശോധിക്കും. ഐസൊലേഷൻ ബേയിലേക്ക് വിമാനം മാറ്റിയ ശേഷമാണ് പരിശോധന. മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിനാണ് ഭീഷണി ഉയർന്നത്. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം നടത്തും. ടെലിഫോണിലൂടെയാണ് സന്ദേശം ലഭിച്ചതെന്നതിനാൽ വ്യാജ സന്ദേശമാണോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. എവിടെ നിന്നാണ് സന്ദേശം എത്തിയത്, ഫോൺ നമ്പർ മറ്റ് കാര്യങ്ങൾ എന്നിവ പരിശോധിക്കും. എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാന്റിങ് നടത്തിയത്. 8.03നായിരുന്നു ലാന്റിങ്. ലാന്റിങ് ആവശ്യം ഉന്നയിച്ച് പത്ത് മിനുട്ടിനുള്ളിൽ ലാന്റിങ് നടത്താനായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.