വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ രാജസ്ഥാന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിനെ ശിക്ഷിച്ച് കോടതി. മൂന്ന് വര്‍ഷത്തെ തടവാണ് കോട്ടയിലെ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. രജാവത്തിന് പുറമെ സഹായിയായ മഹാവീര്‍ സുമനും കോടതി തടവ് വിധിച്ചിട്ടുണ്ട്. 2022ല്‍ നടന്ന സംഭവത്തിലാണ് പ്രത്യേക കോടതിയുടെ വിധി പ്രസ്താവം. ഇരുവര്‍ക്കും 30,000 രൂപയുടെ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. അതേസമയം താന്‍ ഉദ്യോഗസ്ഥനെ അടിച്ചിട്ടില്ലെന്നും തോളില്‍ കയ്യിടുകയാണ് ഉണ്ടായതെന്നും രജാവത് പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനായ രവി കുമാര്‍ മീണ രജാവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത്. നായാപുര പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു പരാതി സമര്‍പ്പിച്ചത്. ക്ഷേത്രത്തിനടുത്തുള്ള റോഡ് നിര്‍മാണം വൈകുന്നത് ചോദ്യം ചെയ്ത് രജാവത്തും ഒരു സംഘം ബിജെപി നേതാക്കളും ഓഫീസിലേക്ക് അതിക്രമിച്ച് കയറി മുഖത്തടിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ 2022 ഏപ്രില്‍ 1ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രാജസ്ഥാന്‍ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ഇവരെ വിട്ടയക്കുകയായിരുന്നു.