Latest Malayalam News - മലയാളം വാർത്തകൾ

പക്ഷിപ്പനി; H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മനുഷ്യമരണം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു

KERALA NEWS TODAY:പക്ഷിപ്പനി ബാധിച്ച്‌ മെക്‌സിക്കോയില്‍ ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണമാണ് ഇത്. ഏപ്രില്‍ 24 നായിരുന്നു മരണം. മെക്‌സിക്കോ സ്വദേശിയായ 59 കാരനാണ് മരിച്ചത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഛർദി എന്നിവയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കോഴി ഫാമുകളില്‍ നിന്നോ മറ്റേതെങ്കിലും തരത്തില്‍ മൃഗങ്ങളുമായോ മരിച്ചയാൾ സമ്പർക്കം പുലർത്തിയതായി ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗം ബാധിച്ച് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നുതന്നെ ഇയാൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലബോറട്ടറിയിൽ പരിശോധിച്ച ശേഷം മെയ് 23 നാണ് ഈ കേസ് മെക്സിക്കൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യുഎൻ ഹെൽത്ത് ബോഡിക്ക് റിപ്പോർട്ട് ചെയ്തത്. മെക്സിക്കോയിലെ വളർത്തുകോഴികളിൽ H5N2 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ ഉറവിടം അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മാർച്ചിൽ മെക്‌സിക്കോയിലെ കോഴിഫാമുകളില്‍ H5N2 വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാൽ ഇത് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. 59 കാരനാണ് ആദ്യമായി ഇതുമൂലം മരണപ്പെട്ടതെന്നും ഇയാള്‍ക്ക് ടൈപ്പ് 2 പ്രമേഹവും വൃക്ക തകരാറും ഉണ്ടായിരുന്നതായും മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പക്ഷിപ്പനിയുടെ പകര്‍ച്ചാ സാധ്യതകള്‍ കുറവാണെന്നും മരണപ്പെട്ടയാളുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ അറിയിച്ചു.

Leave A Reply

Your email address will not be published.