സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കിയിരിക്കുകയാണ്. അതിന് പകരമായി സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർ ഇനിമുതൽ ഹാജർ ബുക്കിൽ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സെക്രട്ടറിയേറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട മേലധികാരികൾ അത് ഉറപ്പ് വരുത്തേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.
