യുഎഇയുടെയും രാജ്യത്തിലെ സ്ഥാപനങ്ങളുടെയും സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന തരത്തിൽ ഓൺലൈനിൽ പോസ്റ്റുകളോ ട്രോളുകളോ പങ്കുവെയ്ക്കരുതെന്ന് യുഎഇ അതോറിറ്റിയുടെ മുന്നറിയിപ്പ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അബുദാബി ജുഡീഷ്യൽ വകുപ്പാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സൽപ്പേരിന് ഓൺലൈനിൽ മോശം വരുത്തുന്ന രീതിയിൽ പെരുമാറിയാൽ ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 5 ലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം വരെ തടവ് ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. രാജ്യത്തിന്റെയോ അധികാരികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തി, അന്തസ്സ് അല്ലെങ്കിൽ പദവിയെ പരിഹസിക്കുകയോ ദോഷം ചെയ്യുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒരു വെബ്സൈറ്റിലോ മറ്റെതേങ്കിലും സാങ്കേതിക മാർഗങ്ങളിലോടെയോ വാർത്തകൾ, മറ്റുവിവരങ്ങൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, കിംവദന്തികൾ എന്നിവ പ്രസിദ്ധീകരിക്കുന്നവർക്കാണ് ശിക്ഷ ലഭിക്കുക.
