സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം കൊലക്കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ശ്രീതുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവില്‍ പൊലീസ് അന്വേഷിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. ഹരികുമാർ മാനസിക വെെല്ലുവിളി നേരിടുന്നയാളല്ലെന്ന് മാനസിക രോഗ വിദഗ്ധര്‍ കണ്ടെത്തിയതിന് പിന്നാലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.