സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചു. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇയാൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല എന്നും കോടതി കണ്ടെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ 25നാണ് സന്തോഷ് വർക്കി അറസ്റ്റിലാകുന്നത്. എറണാകുളം ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടിരുന്നു.