ഉത്തര്‍പ്രദേശില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. 47 ദിവസത്തിനിടെയുള്ള ആക്രമണത്തില്‍ ആറ് കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ് ഒരു മാസത്തിലേറെയായി നരഭോജി ചെന്നായകളുടെ ആക്രമണമുണ്ടാകുന്നത്. അപകടകാരികളായ ആറ് ചെന്നായകളില്‍ നാലെണ്ണത്തെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. ബാക്കിയുള്ള ചെന്നായകള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടക്കുകയാണ്. 22ഓളം പേര്‍ക്ക് ചെന്നായ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു. ഏകദേശം അമ്പതോളം ഗ്രാമങ്ങളിലാണ് ചെന്നായകളുടെ ആക്രമണം നടന്നത്. രാത്രി സമയങ്ങളില്‍ വീടുകളില്‍ തന്നെ താമസിക്കാനാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓപ്പറേഷന്‍ ഭീഡിയ എന്ന് പേരിട്ട ദൗത്യത്തില്‍ ചെന്നായ്ക്കളെ കണ്ടെത്താന്‍ ഡ്രോണുകളും അവരെ പിടികൂടാന്‍ വലകളും സജ്ജീകരിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.