അസമിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ കാസിരംഗ ദേശീയ ഉദ്യാനത്തിൽ 6 കാണ്ടാമൃഗങ്ങൾ ഉൾപ്പടെ 130 വന്യമൃഗങ്ങൾ ചത്തു. ഇവയിൽ ഭൂരിഭാഗവും മുങ്ങിമരിച്ചതായാണ് ബിബിസി റിപ്പോർട്ട്. 117 ഹോഗ് മാനുകൾ, 2 സാമ്പാർ മാൻ, ഒരു കുരങ്ങൻ, ഒരു നീർനായ എന്നിവയാണ് വെള്ളപ്പൊക്കത്തിൽ കൊല്ലപ്പെട്ടത്. നേരത്തെ 2017ൽ 350 വന്യജീവികളാണ് വെള്ളപ്പൊക്കത്തിലും വാഹനങ്ങൾ തട്ടിയും കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാർക്ക് അധികൃതർ വിശദമാക്കിയിട്ടുണ്ട്.
25ഓളം ജീവികൾക്ക് ചികിത്സ നൽകുകയാണെന്നും ശേഷിച്ചവയെ ചികിത്സ നൽകി തിരികെ അയച്ചതായും പാർക്ക് അധികൃതർ വിശദമാക്കി. ലോകത്തിൽ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗമുള്ള ദേശീയ പാർക്കാണ് കാസിരംഗയിലേത്. അതേസമയം അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. 24 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. നൂറുകണക്കിന് വീടുകളും പാലങ്ങളും റോഡുകളും തകര്‍ന്നു. ബ്രഹ്മപുത്രയടക്കം സംസ്ഥാനത്ത് 9 നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് ,ഹരിയാന, അരുണാചല്‍, ബീഹാർ എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.