ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമിരിക്കാൻ ആശ വർക്കർമാർ. 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ആശ വർക്കർമാരാണ് ഇന്ന് മുതൽ നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് നിരാഹാരമിരിക്കുന്നത്. മന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാൻ ആണ് ആശ വർക്കർമാരുടെ തീരുമാനം. ഓണറേറിയം 21000 രൂപയാക്കി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആയി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ല എന്നാണ് ആശാവർക്കർമാരുടെ നിലപാട്. രണ്ടാംഘട്ട സമരത്തിന് നിരവധി ആശാ പ്രവർത്തകർ എത്തുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടൽ. അതേസമയം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും.