ഇടക്കാല ജാമ്യത്തിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അരവിന്ദ് കേജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ (എഎപി) തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് എഎപിയെ ഇല്ലാതാക്കാനാണ്. ആം ആദ്മി പാർട്ടി എന്നുള്ളത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം അത് വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രി പോലും സ്വയം വിശ്വസിക്കുന്നത് എഎപിയാണ് രാജ്യത്തിന്റെ ഭാവിയെന്നാണ്.’’ കേജ്രിവാൾ പറഞ്ഞു. മോദിയെ ഏകാധിപതിയെന്നും കേജ്‌രിവാൾ വിശേഷിപ്പിച്ചു. ‘‘ജനാധിപത്യം ഇല്ലാതാക്കാനാണ് ഏകാധിപതിയായ മോദി ശ്രമിക്കുന്നത്. ഞാൻ ഏകാധിപത്യം ഇല്ലാതാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ എന്നെക്കൊണ്ടു തനിയെ അതിനു സാധിക്കില്ല. ഏകാധിപതിയിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനങ്ങളുടെ പിന്തുണ ഞാൻ തേടുകയാണ്. രാജ്യം മുഴുവൻ സഞ്ചരിക്കാൻ സുപ്രീംകോടതി എനിക്ക് 21 ദിവസം നൽകിയിരിക്കുകയാണ്. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന് വേണ്ടിയുള്ളതാണ്.