Latest Malayalam News - മലയാളം വാർത്തകൾ

കെജ്‌രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി അസാധാരണമെന്ന് സുപ്രീംകോടതി

New Delhi

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി അസാധാരണമെന്ന് സുപ്രീംകോടതി. ഡല്‍ഹി മദ്യനയ കള്ളപ്പണ ഇടപാട് കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇത് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ല. ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകും. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഹാജരാക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്റെ വാദം. ജാമ്യം അനുവദിച്ചതിന്റെ പിന്നാലെ ആദ്യ ദിവസം തന്നെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണ്. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്‍പാണ് ഇഡി വിധി ചോദ്യം ചെയ്തത്. വിചാരണക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും പുറത്തിറങ്ങാനായില്ല. ജാമ്യ ഉത്തരവ് തടയാന്‍ ഹൈക്കോടതിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാനാവില്ല. കാരണങ്ങളില്ലാതെയാണ് സ്റ്റേ ഉത്തരവ്. ഉത്തരവ് ലഭിക്കാനായി ഹൈക്കോടതി ജഡ്ജി കാത്തിരുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രിംകോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.