ഛത്തീസ്ഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ത്ത് ഛത്തീസ്ഗഢ് സർക്കാർ. എൻഐഎ കോടതിയിലാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തത്. കേസില്‍ വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിത്.തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. കോടതി നടപടികൾ ആരംഭിച്ചയുടൻ കന്യാസ്ത്രീകൾ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. കഴിഞ്ഞ എട്ട് ദിവസമായി ജയിലിൽ കഴിയുകയാണ് കന്യാസ്ത്രീകൾ.