കഴിഞ്ഞ ഞായറാഴ്ച യു.കെ.യിലേക്ക് യാത്ര തിരിച്ച പള്ളിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണ കാരണം അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചതാകാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചന. വിമാനംകയറാന്‍ ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലേക്കു പോകുംമുന്‍പ് സൂര്യ അയല്‍വീടുകളില്‍ യാത്രപറയാന്‍ പോയിരുന്നു. മടങ്ങിവരുമ്പോള്‍ അരളിച്ചുവട്ടില്‍നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഇലയിലൊന്ന് അറിയാതെ വായില്‍വെച്ചു. പിന്നാലെ പൂവും. പെട്ടെന്നു തുപ്പിയെങ്കിലും അല്പം വിഴുങ്ങിപ്പോയെന്നാണ് ചികിത്സയിലിരിക്കേ അച്ഛന്‍ സുരേന്ദ്രനോടും ഡോക്ടര്‍മാരോടും സൂര്യ പറഞ്ഞത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ സൂര്യ ഛര്‍ദ്ദിച്ചിരുന്നു. പ്രാഥമിക ചികിത്സ തേടി. വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്ഥിതി വഷളായതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറച്ചു ഭേദമായപ്പോള്‍ രാത്രിതന്നെ വീട്ടിലേക്കു മടങ്ങി. അതിനിടെ വീണ്ടും പ്രശ്‌നമായി. തുടര്‍ന്ന്, പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരളിയിലെ എല്ലാ ഭാഗങ്ങളിലും വിഷാംശമുള്ളതാണ്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം. ഇതു ശരീരത്തിലെ കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ നേരിട്ടു ബാധിക്കും. രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കും. എന്നാൽ സൂര്യയുടെ മരണം ഇതുമൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരാവയവങ്ങളുടെ പരിശോധനാഫലം വന്നാൽ അറിയാം.