KERALA NEWS TODAYതൊടുപുഴ– : ഇടുക്കിയിലെ കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതിന് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെയും തൊടുപുഴ എംഎൽഎ പി.ജെ.ജോസഫിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസൗകര്യം ആർക്കും ഉണ്ടാകാം, എന്നാൽ പല നല്ല കാര്യങ്ങളും ചിലർ ഒഴിവാക്കുകയാണ്.
ഇതു നാടിനോടു ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുവരുടെയും പേര് പരാമർശിക്കാതെ ആയിരുന്നു വിമർശനം.
‘‘അസൗകര്യം ആർക്കും സംഭവിക്കാം.
എന്നാൽ ചിലർക്ക് അതിൽനിന്ന് വിട്ടുനിൽക്കണമെന്ന വല്ലാത്ത നിർബന്ധബുദ്ധി അടുത്ത കാലത്തായി കാണുകയാണ്.
അത് ആരോഗ്യകരമായ സമീപനമല്ല. അത്തരം ആളുകൾ അതു നാടിനോട് ചെയ്യുന്ന നീതികേടാണ് എന്നെങ്കിലും മനസ്സിലാക്കണം’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ സ്പൈസസ് പാർക്കാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടത്ത് പ്രവർത്തനം ആരംഭിക്കുന്നത്. അതിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയെ പ്രധാന വികസന നേട്ടമായി സർക്കാർ ഉയർത്തിക്കൊണ്ടു വരുന്ന പദ്ധതി കൂടിയാണിത്. ഇതിൽ ഓദ്യോഗികമായി ക്ഷണിച്ചെങ്കിലും പ്രതിപക്ഷ എംഎൽഎയും എംപിയും പങ്കെടുക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ ചോടിപ്പിച്ചത്. ആരോഗ്യ കാരണങ്ങളാലാണ് പി.ജെ.ജോസഫ് വിട്ടുനിന്നതെന്നാണ് വിവരം. ഡീൻ കുര്യോക്കോസ് എംപി ഡൽഹിയിലാണ്.