വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്കേറ്റു. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നത്. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. ഇയാളുടെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. സംഭവത്തിന് പിന്നാലെ നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന പിന്തിരിയുകയായിരുന്നു.
