കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നൽകുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ് കോർപറേഷന് നൽകിയത്. അതേസമയം പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.