KERALA NEWS TODAY KOCHI:കൊച്ചി: എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയിൽ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നടപ്പാതയിലൂടെ നടക്കുകയായിരുന്ന സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ടോറസ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടമുണ്ടായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43)യ്ക്കാണ് പരിക്കേറ്റത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിന്‍റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ.തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലും ടിപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും ഗുരുതര പരിക്കാണ് യുവാവിന് സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് വീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ച ദാരണ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ലോറിയിടിച്ചുള്ള അപകടങ്ങളുണ്ടായത്. ലോറികള്‍ റോഡുകളിലൂടെ അലക്ഷ്യമായി പോകുന്നത് തടയാൻ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.