സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 62കാരനായ ചന്ദ്രൻ ആണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ചന്ദ്രന് നേരെ കാട്ടാനയാക്രമണമുണ്ടായത്. താമസസ്ഥലത്തേക്ക് കയറി കാട്ടാന ആളുകളെ ഓടിച്ചിടുകയായിരുന്നു. ആക്രമണത്തിൽ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വാല്‍പ്പാറയ്ക്ക് സമീപമുള്ള ഗജമുടി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ആനകള്‍ ഓടിക്കയറിയതോടെ ഇത് കണ്ട ആളുകള്‍ ചിതറിയോടുകയും ചെയ്തു. ഓടുന്നതിനിടയിലാണ് ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റത്. ഉദയകുമാര്‍, കാര്‍ത്തികേശ്വരി, സരോജ എന്നിവർക്കാണ് പരിക്കേറ്റത്.