പൊഴി മുറിച്ചതിനു പിന്നാലെ മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങിയ വളളം മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുളള ‘വേളാങ്കണ്ണി മാതാ’ എന്ന വളളമാണ് മറിഞ്ഞത്. വളളത്തിലുണ്ടായിരുന്ന 17 പേരും രക്ഷപ്പെട്ടു. ശക്തമായ തിരമാലയില്‍പ്പെട്ട് അഴിമുഖത്തുവെച്ച് വളളം മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവരെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് കരയ്‌ക്കെത്തിച്ചത്. രണ്ടുദിവസം മുന്‍പാണ് മുതലപ്പൊഴിയിലെ മണല്‍ മൂടിക്കിടന്ന പൊഴിമുഖം തുറന്നത്. അഞ്ച് ദിവസങ്ങളിലായി 4 എസ്‌കവേറ്ററുകളും മണ്ണുമാന്തികളും ഡ്രഡ്ജറുമുപയോഗിച്ചാണ് പൊഴിമുഖം മുറിച്ച് വെളളം കടലിലേക്ക് ഒഴുക്കുന്നതിനുളള ചാല്‍ രൂപപ്പെടുത്തിയത്. വെളളം പൂര്‍ണമായും ഒഴുകിപ്പോകുന്നതിന് രണ്ടുദിവസത്തിലേറെ സമയം വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. 440 മീറ്റര്‍ നീളത്തിലും 90 മീറ്റര്‍ വീതിയിലും മുതലപ്പൊഴിയില്‍ നിര്‍മ്മിച്ച പുലിമുട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അശാസ്ത്രീയമായാണ് പുലിമുട്ട് നിര്‍മ്മിച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആരോപണം.
