Latest Malayalam News - മലയാളം വാർത്തകൾ

ആമയിഴഞ്ചാൻ തോട് ദുരന്തം ; അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Amaiyhanchan Thot Tragedy; High Court to visit the place of amicus curiae and submit report

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിൽ ഇടപെടലുമായി ഹൈക്കോടതി. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ കോര്‍പറേഷനും ഹൈക്കോടതി നിര്‍ദ്ദേശം നൽകി. പരസ്പരം പഴിചാരാനുള്ള സമയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. മാലിന്യം തള്ളാതിരിക്കാനുള്ള നിർമ്മിതികൾ നടത്തിയിരുന്നുവെന്ന് റെയിൽവേ കോടതിയിൽ വാദിച്ചു.

റെയിൽവേയുടെ സ്ഥലത്തിന് പുറത്തും മാലിന്യം നിറഞ്ഞ് കടക്കുന്ന അവസ്ഥയാണെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സ്ഥലം സന്ദര്‍ശിക്കാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം റെയിൽവേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷനും ഉറപ്പുവരുത്തണം. വർഷങ്ങളായുള്ള മാലിന്യം നീക്കം ചെയ്യാതിരുന്നതാണ് വെള്ളത്തിന്‍റെ കറുത്ത നിറത്തിന്‍റെ കാരണം. ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

Leave A Reply

Your email address will not be published.