Latest Malayalam News - മലയാളം വാർത്തകൾ

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന ആരോപണം ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Allegedly that autistic student was expelled from school; Human Rights Commission filed case

ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്നും നിർബന്ധിച്ച് പുറത്താക്കിയെന്ന ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേസിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആണ് ഉത്തരവ് നൽകിയിരിക്കുന്നത്.

തൈക്കാട് ഗവ. മോഡൽ സ്കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് ആരോപണം ഉയർന്നത്. സ്കൂളിൽ നടന്ന പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നും സ്കൂളിൽ നിന്ന് ടി.സി. വാങ്ങാൻ കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. അമ്മ ഇതിന് മൂന്ന് മാസത്തെ സാവകാശം ചോദിച്ചെങ്കിലും പ്രിൻസിപ്പൽ ഒരാഴ്ച മാത്രമാണ് സമയം നൽകിയതെന്നും കുട്ടി ഈ സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ പറയുന്നു.

സ്കൂളിലേക്കുള്ള ദൂരം കൂടുതലായതിനാൽ കുട്ടിയുടെ ടി.സി. വാങ്ങുകയാണെന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയതായി അമ്മ പറഞ്ഞു. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.