രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നിൽക്കുന്നത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ൽ എത്തി. ഇന്ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡൽഹി ഒട്ടാകെ അനുഭവപ്പെട്ടത്. ഇനി അവധി ദിവസങ്ങളായ ശനി, ഞായർ വരുന്നതിനാൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ ഏർപ്പെടുത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.
