ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണനെതിരെയുള്ള പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കില്ല. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് മ്യൂസിയം പൊലീസിന്റെ തീരുമാനം. പൊലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക. ഇന്ന് രാവിലെയാണ് മ്യൂസിയം പൊലീസിന് പരാതി ലഭിച്ചത്. വിഷയത്തില്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എസ്സി/എസ്ടി കമ്മീഷന്‍ ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റ് ദിനു വെയിലാണ് അടൂരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും പരാതി നല്‍കിയത്.
സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ അധിക്ഷേപ പരാമര്‍ശം. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം സിനിമാ കോണ്‍ക്ലേവിൽ വ്യക്തമാക്കിയിരുന്നു.