Latest Malayalam News - മലയാളം വാർത്തകൾ

എഡിഎം കെ നവീന്‍ ബാബുവിന്‍റെ മരണം ; കേസ് ഡിസംബർ 6ലേക്ക് മാറ്റി ഹൈക്കോടതി

ADM K Naveen Babu's death; High Court adjourns case to December 6

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും കൊലപാതകമാണെന്നാണോ പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. എങ്കിൽ എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. എന്നാൽ പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു.

സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹർജിയിൽ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹർജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Leave A Reply

Your email address will not be published.