ബിജെപി വിട്ട നടി രഞ്ജന നാച്ചിയാര്‍ വിജയിയുടെ തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമടക്കം ബിജെപിയുടെ നയങ്ങളില്‍ അതൃപ്തി പരസ്യമാക്കിയാണ് രഞ്ജന പാര്‍ട്ടി വിട്ടത്. എട്ട് വര്‍ഷമായി രഞ്ജന ബിജെപിയില്‍ പ്രവത്തിച്ചുവരികയായിരുന്നു. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച തമിഴക വെട്രികഴകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രഞ്ജന പങ്കെടുത്തു. അടുത്ത എംജിആര്‍ എന്നാണ് വിജയിയെ രഞ്ജന അഭിസംബോധന ചെയ്തത്. ദേശീയതയെയും ദ്രാവിഡ നയങ്ങളെയും ഒന്നിച്ചു ചേര്‍ത്തുള്ള വിജയുടെ രാഷ്ട്രീയ നയം തന്നില്‍ ആഴത്തില്‍ സ്വാധീനിച്ചെന്നും തന്റെ രാഷ്ട്രീയ ഭാവിക്ക് അനുയോജ്യമായ പാര്‍ട്ടിയായി ടിവികെയെ കാണുന്നുവെന്നും രഞ്ജന പറഞ്ഞു. വിജയ് തമിഴ്‌നാടിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ത്രിഭാഷ നയത്തെ രൂക്ഷമായി എതിര്‍ത്തു കൊണ്ടാണ് രഞ്ജന ബിജെപിക്ക് രാജിക്കത്ത് കൈമാറിയത്. ഒരു തമിഴ് വനിതയെന്ന നിലയ്ക്ക് ത്രിഭാഷ നയം നടപ്പാക്കുന്നതിനെ തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രഞ്ജന കത്തിലൂടെ അറിയിച്ചു.
