ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. അനൂപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. വധശ്രമം, ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അനൂപിനെതിരെ ആദ്യം കേസെടുത്തത്. എന്നാല്‍ പോക്‌സോ അതിജീവിതയുടെ മരണത്തിന് പിന്നാലെ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ കൂടി ചുമത്തി. പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. വൈദ്യസഹായം നിഷേധിച്ചതും മരണത്തിലേക്ക് നയിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.
അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അനൂപ് മാത്രമാണ് പ്രതി. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞമാസം 29നാണ് പോക്‌സോ അതിജീവിത കൂടിയായ പെണ്‍സുഹൃത്തിനെ അനൂപ് മര്‍ദ്ദിച്ച് അവശ നിലയിലാക്കിയത്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയമാണ് കൊടും ക്രൂരതയ്ക്ക് കാരണം.