പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇന്ന് പുലർച്ചെ 12.37ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മൂന്നു പേർ ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. ആൻ ഗ്രേയ്സ് (15), എറിൻ (16), നിമ (11) എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ബഹളം വെച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷയ്‌ക്കെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
