കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ഇരുബസുകളിലായി 30ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. നാദാപുരം ഗവൺമെൻ്റ് ആശുപത്രിയ്ക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരിൽ വിദ്യാർത്ഥികളുമുണ്ട്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോഴിക്കോട്, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.
