KERALA NEWS TODAY – ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി (എ.എ.പി) സ്ഥാനാര്‍ഥിയെ അഭിനന്ദിച്ച് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍.
ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എ.എ.പി വിജയിച്ചത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് എ.എ.പിയുടെ ബീന കുര്യന് പിടിച്ചെടുക്കുകയായിരുന്നു.
എഎപി കേരളത്തില്‍ അക്കൗണ്ട് തുറന്നു എന്ന വാചകത്തോടെയാണ് എക്സില്‍ അരവിന്ദ് കെജ് രിവാളിന്റെ അഭിനന്ദക്കുറിപ്പ്.
നിയുക്ത വാര്‍ഡ് മെംമ്പറായ ബീന കുര്യനെ അഭിനന്ദിച്ച കെജ് രിവാള്‍, ഈ വിജയം കേരളത്തിലെ പ്രതിബന്ധതയുള്ള എല്ലാ എഎപി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായും കുറിപ്പില്‍ പറഞ്ഞു.
ബീനയെ അഭിനന്ദിച്ചുള്ള എഎപി കേരള ഘടകത്തിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കെജ് രിവാളിന്റെ കുറിപ്പ്.
കേരളത്തില്‍ എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നായിരുന്നു എഎപി കേരള ഘടകം എക്സില്‍ കുറിച്ചത്.
സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും ഒരിടത്ത് എസ്ഡിപിഐയും വിജയിച്ചിരുന്നു.
14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.