കണ്ണൂര്‍ കണ്ണവത്ത് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെ കാണാതായി. കണ്ണവം കോളനിയിലെ പൊരുന്നന്‍ ഹൗസില്‍ സിന്ധുവിനെയാണ് കാണാതായത്. യുവതിയെ കാണാതായിട്ട് ഇപ്പോൾ ഒരാഴ്ചയായി. ഡിസംബര്‍ 31നാണ് സിന്ധുവിനെ കാണാതായത്. വനംവകുപ്പും പൊലീസും വനത്തിലും പരിസരപ്രദേശങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. പതിവ് പോവെ വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു സിന്ധു. എന്നാല്‍ തുടർന്ന് മടങ്ങിവന്നില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തിലല്‍ പൊലീസോ വനംവകുപ്പോ പരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിന് ഇറങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി യോഗം ചേര്‍ന്ന് ഉള്‍വനത്തില്‍ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്. കണ്ണവം നഗര്‍, വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
