Latest Malayalam News - മലയാളം വാർത്തകൾ

തൃശൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി

A young man was beaten to death in Thrissur and thrown in an ambulance

തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഹെരഡിയം നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ കൊലയാളിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഹെരഡിയം കിട്ടാത്തതിനെ തുടര്‍ന്ന് ഈ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തുകയായിരുന്നു. പിന്നാലെ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപത്ത് നിന്ന അരുണിനെയും സുഹൃത്ത് ശശാങ്കനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് ഇരുവരേയും ബന്ദിയാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ചു. അവിടെ നിന്നും ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ച് അരുണിനെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. തങ്ങള്‍ കാറില്‍ ആംബുലന്‍സിനെ പിന്തുടരാമെന്ന് പറഞ്ഞ കൊലയാളികള്‍ പിന്നീട് മുങ്ങി. നിലവില്‍ ശശാങ്കന്‍ പൊലീസ് കസ്റ്റഡിയിലാണ്. ശശാങ്കനില്‍ നിന്നുമാണ് കൊലപാതകത്തിന് പിന്നിലെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Leave A Reply

Your email address will not be published.