KERALA NEWS TODAY KOCHI:പുതുവൈപ്പിനില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇരുവരുടേയും നില ഗുരുതരമാണ്. മിലന്‍, ആല്‍വിന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മരിച്ച അഭിഷേകും കൂട്ടുകാരുമടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ മുങ്ങിയവരെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. ജനറൽ ആശുപത്രിയിൽ എത്തിച്ച അമൽ അപകടനില തരണം ചെയ്തു. പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്. കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചിരുന്നു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ് മരിച്ചത്. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പിതാവ് അനിൽകുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവിൽ കുളിക്കുന്നതിനിടെ ഇളയമകൻ അരുൺ ഒഴുക്കിൽപ്പെടുകയായിരുന്നു.അച്ഛന്റെയും സഹോദരന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനിൽകുമാർ രണ്ടാഴ്ച മുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്. മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അരുൺ.
പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം
Prev Post
’24 മണിക്കൂറും വൈദ്യുതി, അഗ്നിവീർ പദ്ധതി ഒഴിവാക്കും’; 10 വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്രിവാൾ
Next Post