കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി). വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു. കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.
