KERALA NEWS TODAY PALAKKAD:പാലക്കാട്: കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസ് സംഘം അട്ടപ്പാടി വനത്തിൽ കുടുങ്ങി. പിന്നീട്, മണിക്കൂറുകൾക്ക്
ശേഷം ഇവർ തിരികെ എത്തിച്ചു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കഴിഞ്ഞ ഒരു രാത്രി വനത്തിൽ കുടുങ്ങിയത്. വനത്തിലെത്തിയ
റെസ്ക്യൂ സംഘമാണ് ഇന്ന് പുലർച്ചെയോടെ കുടുങ്ങിക്കിടന്ന ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചത്.ചൊവ്വാഴ്ച പുലർച്ചെയാണ് കഞ്ചാവു തോട്ടത്തേക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തിൽ അത് നശിപ്പിക്കുന്നതിന് വേണ്ടി അധികൃതർ കാടുകയറിയത്. ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോയത്. ഡിവൈഎസ്പി അടക്കം
എട്ട് പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പിലെ അഞ്ച് ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്.ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരൻമുടിയോട് അനുബന്ധിച്ച് വിദുര ഊരായ മുരുഗളക്കും
ഗൊട്ടിയാർകണ്ടിക്കുമിടയിലുള്ള വനത്തിലാണ് സംഘം കുടങ്ങിയത്. കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിലേക്ക്
എത്തുകയായിരുന്നു. രാത്രിയായതോടെ വഴി തിരിച്ചറിയാൻ സാധിക്കാതെ കുഴയുകയായിരുന്നു. അതേസമയം, വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാൽ
കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.ഇതോടെ ചൊവ്വാഴ്ച രാത്രി പോലീസും വനംവകുപ്പും ഇവർക്കായുള്ള തെരച്ചിലും ആരംഭിച്ചു. രാത്രി 11.45ഓടെ വനത്തിലെത്തിയ
റെസ്ക്യൂ സംഘം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പുലർച്ചെയോടെ തിരികെ എത്തിക്കുകയുമായിരുന്നു.