ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടുകൂടി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നിലവിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനെ= ശ്വാസ തടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. ഓക്സിജൻ ലെവൽ താഴുന്നുവെന്നും അണുബാധയുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ബുധനാഴ്ച കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജനറ്റിക്സ് വിഭാഗം മേധാവി ഡോ വിഎച്ച് ശങ്കറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുഞ്ഞിനെ സന്ദർശിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധരുടെ സംഘമെത്തിയത്. നിലവിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംഘം കുട്ടിയുടെ ആരോഗ്യവിവരം ചർച്ച ചെയ്തു.