Latest Malayalam News - മലയാളം വാർത്തകൾ

ഡൽഹിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16കാരന് ദാരുണാന്ത്യം

A 16-year-old died in a fire in a building in Delhi

ഡൽഹിയിലെ കിഷൻ​ഗഡ് പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം. അപകടത്തിൽ 16കാരനായ ആകാശ് മണ്ഡൽ മരിച്ചു. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അനിത മണ്ഡൽ (40), ലക്ഷ്മി മണ്ഡൽ (42), ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. സണ്ണി മണ്ഡൽ (22) ഗുരുതരാവസ്ഥയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരെ സഫ്ദുർജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിൽ ഇന്ന് പുലർച്ചെ 3:27ഓടെയാണ് തീപിടിത്തം ഉണ്ടായത്.

കെട്ടിടത്തിന്റെ നാലാം നിലയിലെ രണ്ട് മുറികളുള്ള ഫ്ലാറ്റിലാണ് തീപിടത്തമുണ്ടായത്. കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവരം ലഭിച്ച ഉടനെ കിഷൻ​ഗഡിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സംഭവസ്ഥലത്തെത്തി. പൊലീസ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തീപിടിത്തം ഉണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം കാരണമെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.

Leave A Reply

Your email address will not be published.