വിപ്ലവ സമര ശബ്ദങ്ങൾക്ക് ശ്വാസം നിലച്ചു. കേരളത്തിന്റെ, മലയാളക്കരയുടെ എക്കാലത്തെയും പ്രിയ നേതാവ് വിഎസ് അച്യുതാനന്ദൻ വിടവാങ്ങി. ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്റെ മരണം. ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും കേരളത്തിലെ മുൻ മുഖ്യമന്ത്രിയുമാണ് അന്തരിച്ച വിഎസ് അച്യുതാനന്ദൻ. 101 ആം വയസിലാണ് വിഎസ് ഈ ലോകത്തോട് വിട പറഞ്ഞത്.
ബുധനാഴ്ചയാണ് വിഎസിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും.ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പിന്നീട് പൊതുദർശനത്തിനും അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.