കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ കോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റിലായത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
