ബാറ്റ്മാൻ ഫോറെവർ, ടോപ് ഗൺ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് നടന് അന്തരിച്ചത്. 65കാരനായ വാൽ കിൽമർ ഏറെ നാളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്സിഡസ് കിൽമർ മാധ്യമങ്ങളോട് അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു.
കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ‘വാൽ’ എന്ന ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.