അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി വീട്ടിയൂരിലെ അജിത -രാജേഷ് ദമ്പതികളുടെ ഒരു വയസ്സുള്ള മകൻ റിതിൻ ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ മാസം ആണ് തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നിരുന്നു. മാർച്ച് 9ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു വയസ്സുകാരനെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കുട്ടി മരിക്കുന്നത്. കുട്ടിക്ക് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്.നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും.അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കുറഞ്ഞിരിക്കെയാണ് ഇന്ന് ഒരു കുട്ടി മരിക്കുന്നത്. വിഷയം ഗൗരവമായാണ് ആരോഗ്യവകുപ്പും കാണുന്നത്.
