കൊച്ചി മേനകയിൽ മത്സരയോട്ടത്തിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശിനി സനില(36)യാണ് മരിച്ചത്. ബസിന്റെ പിന്നിലെ ടയറിൽ കുടുങ്ങിയ യുവതിയെ നൂറ് മീറ്ററോളം വലിച്ചിഴച്ചു. പ്രദേശവാസികൾ ബസ് തടഞ്ഞാണ് സനിലയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിലൂടെയാണ് മറ്റൊരു ബസ് അപകടം ഉണ്ടാക്കിയത്. സനിലയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. ബസ് സനിലയുടെ ശരീരത്തിലൂടെ കയറിയിരുന്നു. സജിമോൻ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിൽ നിന്ന് ആളെ ഇറക്കി കൊണ്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
