മുബൈയിലെ അന്തേരിയില്‍ 17 വയസുകാരിയെ കാമുകന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നായിരുന്നു പെൺകുട്ടിയോട് ക്രൂരത. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജിത്തു താംബേ എന്ന 30 വയസുകാരനും 17 വയസുകാരിയും തമ്മില്‍ കുറച്ച് മാസങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നാലെയാണ് വീടിന് പുറത്തിരിക്കുകയായിരുന്ന യുവതിയുടെ അടുത്തെത്തിയ കാമുകന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. 17 വയസുകാരി കൂട്ടുകാരികളെ വീട്ടില്‍ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കണ്മുന്നില് വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും സ്വകാര്യ ഭാഗങ്ങളിലും കാലിലും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടേഴ്സ് അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് സംസാരിക്കാനും കഴിയാത്ത സ്ഥിതിയാണ്. ആക്രമണത്തിൽ യുവാവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
