രാജ്യത്ത് ഒരോ 42 മിനിറ്റിലും ഒരു വിദ്യാർത്ഥി ജീവനൊടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കുട്ടികൾക്കിടയിലെ ആത്മഹത്യ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തത് 18 വയസില്‍ താഴെയുള്ള 391 കുട്ടികളാണ്. നിരവധി കാരണങ്ങളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
പരീക്ഷയിലെ തോല്‍വി, അവിചാരിതമായുണ്ടാകുന്ന അസ്വാരസ്യങ്ങള്‍, നിരാശ, ലഹരി ഉപയോഗം, രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദം, പ്രണയ ബന്ധങ്ങള്‍, ഇഷ്ടപ്പെട്ടയാളുടെ മരണ-ശാരീരിക പീഡനം, കളിയാക്കലുകള്‍, ലൈംഗിക ചൂഷണം, മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തത്, ഓണ്‍ലൈന്‍ ഗെയിമിങ്, സൈബര്‍ ആക്രമണം തുടങ്ങി നിരവധി കാരണങ്ങളാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 2500 പേരാണ് പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ മാത്രം ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ആത്മഹത്യ ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആകെ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ 53 ശതമാനം പേരും ആണ്‍കുട്ടികളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ആത്മഹത്യ അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് ഏറ്റവും അധികം ആത്മഹത്യകള്‍ റിപ്പോട്ട് ചെയ്യുന്നത്.