കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ബോക്സ്ഓഫീസിൽ തകപ്പൻ വിജയവുമായി മുന്നേറുകയാണ്. ജിത്തു അഷറഫ് സംവിധാനം ചെയ്ത സിനിമ ഇതിനോടകം 25 കോടിയധികം ആഗോള കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന് പുറമെ സിനിമ ഇനി തമിഴിലും തെലുങ്കിലും എത്താനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ ഫോർ എന്റർടൈൻമെന്റ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ ഇ ഫോർ എന്റർടൈൻമെന്റ് റിലീസ് ചെയ്തു. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസയും ഭാഷാ ഭേദമന്യ നിരൂപക പ്രശംസയും ലഭിക്കുന്ന ചിത്രം ബുധനാഴ്ച കേരളത്തിലെ മിക്ക സെന്ററുകളും ഹൗസ്ഫുൾ ആയിട്ടാണ് പ്രദർശനം തുടരുന്നത്.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.