Latest Malayalam News - മലയാളം വാർത്തകൾ

കോടിക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം

The Mahakumbh Mela, attended by crores of devotees, will conclude today

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. പൊതു ജനങ്ങള്‍ക്കുള്ള പ്രത്യേക ദിനമായ ഇന്ന് 2 കോടി തീര്‍ത്ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ തന്നെ അമൃത സ്‌നാനം ആരംഭിച്ചു. മഹാകുംഭമേള വെറുമൊരു മതസമ്മേളനം മാത്രമല്ല, ഹിന്ദു ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതനാഥ് പറഞ്ഞു.

ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്‌നാനത്തോടെയാണ് തുടക്കമായത്.

Leave A Reply

Your email address will not be published.