Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്‌നാട്ടിൽ രണ്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി 40കാരൻ

40-year-old man hacks two children to death in Tamil Nadu

കുടുംബ വഴക്കിന് പിന്നാലെ രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊലപ്പെടുത്തി 40കാരൻ. തമിഴ്നാട്ടിലെ സേലത്തിന് സമീപത്ത് ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. എം അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 38കാരി തവമണിയും 10 വയസ് പ്രായമുള്ള അരുൾ കുമാരിയും ചികിത്സയിൽ തുടരുകയാണ്. ദമ്പതികളുടെ 13 വയസ് പ്രായമുള്ള വിദ്യാധാരണി, 5 വയസ് പ്രായമുള്ള അരുൾ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം അട്ടൂരിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. രാവിലെ ഇവരുടെ വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കെതിരെ കേസ് എടുത്തതായുമാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇയാളും ഭാര്യയും തമ്മിൽ പതിവായി കലഹിച്ചിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്.

Leave A Reply

Your email address will not be published.