Latest Malayalam News - മലയാളം വാർത്തകൾ

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ ; പോസ്റ്റുമോർട്ടം ഇന്ന് നടക്കും

Mass suicide in Customs Quarters; Postmortem to be held today

കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശികളായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടമാണ് നടക്കുന്നത്. കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്താണ്.

ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് മൂന്നഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയെന്ന് തന്നെയാണ് പോലീസ് ഉറപ്പിക്കുന്നത്. എന്നാല്‍ ഇവരുടെ അമ്മ കട്ടിലില്‍ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവു എന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിദേശത്തുള്ള സഹോദരിയെ മരണവിവരം അറിയിക്കണമെന്ന് മാത്രമാണ് എഴുതിയിട്ടുള്ളത്.

സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറിക്കുറിപ്പുകളും കണ്ടെത്തി. സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ ആകാമെന്നാണ് പൊലീസിന്റെ നിഗമനം .ഝാര്‍ഖണ്ഡ് സ്റ്റേറ്റ് സര്‍വീസില്‍ ജോലി ലഭിച്ച സഹോദരിക്ക് ജോലി നഷ്ടമായതിന്റെ മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന.

മനീഷ് വിജയിയും സഹോദരി ശാലിനി വിജയിയും തൂങ്ങിയ നിലയിലായിരുന്നു. അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കിടക്കയില്‍ കിടക്കുന്ന രീതിയിലായിരുന്നു. ഇവരുടെ മൃതദേഹത്തോടു ചേര്‍ന്ന് കുടുംബ ഫോട്ടോയും വെച്ചിരുന്നു. അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍ വിതറിയിരുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.