സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിജയൻ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്. വാളയാർ മേഖലയിൽ തുടർച്ചയായി കൃഷി സ്ഥലങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകൾ എത്തുകയും കൃഷി നശിപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കർഷകനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.