Latest Malayalam News - മലയാളം വാർത്തകൾ

ആംബുലൻസിന്റെ വഴി മുടക്കിയ കാറിന് 5000 രൂപ പിഴ ഈടാക്കി

Rs 5,000 fine imposed on car that blocked the path of ambulance

കണ്ണൂര്‍ എരഞ്ഞോളിയില്‍ ആംബുലന്‍സിന് വഴി മുടക്കിയ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ തടസം നിന്നത്. ഇയാളിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് 5000 രൂപ പിഴ ഈടാക്കി. വ്യാഴാഴ്ച്ച വൈകിട്ടാണ് ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ എരഞ്ഞോളി നായനാർ റോഡിൽ രാഹുൽ രാജിന്റെ വാഹനം ആംബുലൻസിന്റെ മുന്നിൽ തടസം നിന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും 61കാരി റുക്കിയയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ആംബുലൻസിന് വഴി മുടക്കുന്ന കാറിന്റെ ദൃശ്യങ്ങൾ സഹിതം ആംബുലൻസ് ഡ്രൈവർ ശരത് നൽകിയ പരാതിയിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം 5000 രൂപ പിഴ ഈടാക്കി. ആംബുലൻസ് തൊട്ട് പിന്നിൽ എത്തിയപ്പോഴാണ് കണ്ടതെന്നും, തുടർന്ന് വെപ്രാളത്തിൽ സംഭവിച്ചതാണെന്നുമാണ് ഡോ. രാഹുൽ രാജിന്റെ മൊഴി. 20 സെക്കന്റിനുള്ളിൽ തന്നെ സൈഡ് നൽകിയിരുന്നുവെന്നും രാഹുൽ രാജ് മൊഴി നൽകി. ആംബുലൻസ് ഡ്രൈവറിന്റെ പരാതിയിൽ കതിരൂർ പൊലീസും കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ്. വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.